
പാട്‌ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവം. എൻഡിഎ സഖ്യം വൻ വിജയം നേടിയ സാഹചര്യത്തിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. എന്നാൽ, ബിജെപി നടത്താനിടയുള്ള രാഷ്ട്രീയ കരുനീക്കങ്ങൾ മുഖ്യമന്ത്രി പദത്തിൽ ബിജെപി നേതാവ് എത്താൻ കാരണമാകുമോ എന്ന ചർച്ചകളും സജീവമാണ്.
ഇന്ന് ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ “നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും” എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, മിനിറ്റുകൾക്കകം അത് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണങ്ങളും ചർച്ചകളും കൂടുതൽ ശക്തിപ്രാപിച്ചു.
ബിജെപിയുടെ വൻ വിജയമാണ് ബിഹാറിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച ചോദ്യങ്ങളെ മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. പ്രചാരണകാലത്ത് അമിത് ഷായോട് മുഖ്യമന്ത്രിയെ കുറിച്ച് ചോദിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ശേഷമുള്ള സഖ്യചർച്ചയിലാണ് തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദി “നിതീഷിന്റെ നേതൃത്വത്തിലാണ് എൻഡിഎ പോരാട്ടം”മെന്ന് പറഞ്ഞുവെങ്കിലും, നിതീഷിനെ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നില്ല.
മഹാരാഷ്ട്രയിൽ ബിജെപി സ്വീകരിച്ച മോഡൽ ബിഹാറിലും ആവർത്തിക്കുമോ എന്നത് സംബന്ധിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. 2024 മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെയെ തന്നെ മുൻ നിർത്തി പ്രചാരണം നടത്തിയിട്ടും, ഫലം പ്രഖ്യാപിച്ച ശേഷം ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി അത്ഭുതം സൃഷ്ടിച്ചിരുന്നു.
എന്നാൽ ബിഹാറിൽ നിതീഷ് കുമാറിനെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കുക അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സംസ്ഥാനത്ത് അദ്ദേഹത്തിന് വൻ ജനപിന്തുണയുണ്ട്. സ്ത്രീകൾക്ക് 10,000 രൂപ സാമ്പത്തിക സഹായം നൽകൽ പോലുള്ള പദ്ധതികൾ ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഗണ്യമായി സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു. കൂടാതെ ആവശ്യമെങ്കിൽ രാഷ്ട്രീയതടങ്ങളിൽ മാറ്റം വരുത്താനും എതിർ പക്ഷത്തെത്താനും തയ്യാറാകുന്ന നേതാവാണ് നിതീഷ് – ഈ സ്വഭാവം തന്നെ ബിജെപിയെ സൂക്ഷ്മമായി നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ നിർബന്ധിതമാക്കുന്നു.











